കഥ
ഒരു വീട്ടിന്റെ മുകളിൽ ഉള്ള തട്ടിൽ നിരവധി എലികൾ താമസിച്ചിരുന്നു. അവർക്കു കിട്ടുന്ന ഭക്ഷണം പരസ്പരം പങ്കിട്ടു അവർ സന്തോഷത്തോടെ അവിടെ ജീവിച്ചു.
ഒരു ദിവസം എവിടെ നിന്നോ ഒരു പൂച്ച ആ വീട്ടിൽ താമസിക്കാൻ തുടങ്ങി. തട്ടിൽ എലികൾ ഉണ്ടെന്ന് കണ്ടതോടെ അത് അവിടെ സ്ഥിരമായി ചുറ്റി നടക്കാൻ തുടങ്ങി. രാത്രി ആയാലും പകൽ ആയാലും പൂച്ച എലികളെ വേട്ടയാടാൻ തുടങ്ങി. ഇതോടെ എലികൾ വളരെ ഭയപ്പെട്ടു.
പൂച്ചയുടെ ശല്യം കൂടിയതോടെ എല്ലാ എലികളും ഒത്തു കൂടി ഒരു യോഗം വിളിച്ചു. പൂച്ചയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതായിരുന്നു അവരുടെ പ്രധാന ചർച്ച.
ഒരു എലി പറഞ്ഞു:
“പൂച്ച നമ്മളെ ഇടവിടാതെ വേട്ടയാടുകയാണ്. ഇതിന് ഒരു പരിഹാരം കണ്ടെത്തണം.”
മറ്റൊരു എലി പറഞ്ഞു:
“പൂച്ച പമ്മി വരുന്നതിനാൽ നമ്മുക്ക് ഓടി രക്ഷപ്പെടാനും സമയം കിട്ടുന്നില്ല.”
അപ്പോൾ ഒരു ചെറു എലി ഒരു ആശയം പറഞ്ഞു:
“നമുക്ക് പൂച്ചയുടെ കഴുത്തിൽ ഒരു മണി കെട്ടിയാൽ എങ്ങനെയിരിക്കും? പൂച്ച വരുമ്പോൾ മണിയുടെ ശബ്ദം കേട്ടാൽ നമുക്ക് ഉടൻ ഒളിക്കാൻ കഴിയും.”
ഈ ആശയം എല്ലാവർക്കും വളരെ ഇഷ്ടമായി. അവർ എല്ലാവരും അതിനെ അഭിനന്ദിച്ചു.
അപ്പോൾ ഒരു എലി പറഞ്ഞു:
“പൂച്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാറുണ്ട്. അപ്പോൾ നമുക്ക് പോയി മണി കെട്ടാം.”
അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു പ്രായമായ എലി ചോദിച്ചു:
“ആശയം നല്ലതാണ്. പക്ഷേ പൂച്ചയുടെ കഴുത്തിൽ ആ മണി കെട്ടാൻ ആരാണ് പോകുന്നത്?”
ഇതു കേട്ടതോടെ എല്ലാ എലികളും നിശബ്ദമായി. ആരും മുന്നോട്ട് വന്നില്ല.
അവസാനം തീരുമാനം ഒന്നുമാകാതെ ആ യോഗം അവസാനിച്ചു.
ഗുണപാഠം:
ഒരു പ്രശ്നത്തിന് പരിഹാരം പറയുന്നത് എളുപ്പമാണ്. പക്ഷേ അതിനെ നടപ്പാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.